അമിത നിരക്കെന്ന പരാതി; വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ നിരക്കുകള്‍ ഏകീകരിച്ച് ഉത്തരവ്
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നടത്തുന്ന കോവിഡ് പരിശോധനാ നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ശബരിമല, സ്വകാര്യ ലാബുകള്‍ എന്നിവിടങ്ങളിലെ പരിശോധനാ നിരക്കും ഏകീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാര്‍ പരാതി ഉന്നയിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് ഏകീകരിക്കാന്‍ തീരുമാനിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.
വിമാനത്താവളങ്ങളില്‍ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനക്കായി ആബട്ട് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, തെര്‍മോ ഫിഷര്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. 2490 രൂപയാണ് ഈ പരിശോധനയ്ക്ക് നിരക്കായി പുതിയ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500 രൂപയുമാണ് നിരക്ക്. ആര്‍ടിലാംപ് ടെസ്റ്റിന് 1150 രൂപ, ട്രൂനാറ്റ് ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പെര്‍ട്ട്‌നാറ്റിന് 2500 രൂപ എന്നിങ്ങനെയാണ് ഏകീകരിച്ച നിരക്കുകള്‍. വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അതാത് രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പരിശോധനകള്‍ക്ക് വിധേയമാകാമെന്നും ഉത്തരവില്‍ പറയുന്നു.