പീഡിപ്പിച്ചെന്ന് പരാതി; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പോലീസ് കേസെടുത്തു
നടനും വ്‌ളോഗറുമായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. ബലാല്‍സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടലുകളിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.
സോഷ്യല്‍ മീഡിയയില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ഉയര്‍ന്ന മീടൂ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ പോലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ചവരില്‍ ഒരാളാണ് പരാതിക്കാരി. പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് യുവതി പരാതി നല്‍കിയത്. ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ബലാല്‍സംഗം ചെയ്തുവെന്നും പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നുമായിരുന്നു വിമന്‍ എഗെന്‍സ്റ്റ് സെക്ഷ്വല്‍ ഹറാസ്‌മെന്റ് എന്ന ഫെയിസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മീടൂ ആരോപണത്തില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പറഞ്ഞത്.
മറ്റു പെണ്‍കുട്ടികളും തനിക്ക് സമാനമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പരാതിക്കാരിയായ യുവതി പോസ്റ്റില്‍ പറയുന്നത്. ഐസിയുവിലൂടെ പരിചയപ്പെട്ട ശ്രീകാന്ത് വെട്ടിയാര്‍ തന്റെ കയ്യില്‍ നിന്ന് പ്രാരാബ്ധം പറഞ്ഞ് പണം വാങ്ങിയിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു. കള്ളങ്ങള്‍ പറഞ്ഞ് പണം വാങ്ങിക്കുകയും ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗ് നടത്തുകയുമാണ് രീതി.
അഭിമുഖങ്ങളിലും വീഡിയോകളിലും പറയുന്ന ഒരുകാര്യങ്ങളും അയാള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നില്ല. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പല സ്ത്രീകളെയും ഇയാള്‍ പറ്റിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഐസിയു രംഗത്തെത്തിയിരുന്നു. വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരയ്‌ക്കൊപ്പമായിരിക്കും തങ്ങളെന്നായിരുന്നു വിശദീകരണം.