വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന പരാതി; ഹര്‍ജിക്കാരന് 1 ലക്ഷം പിഴ
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹര്‍ജി നല്‍കിയയാള്‍ക്ക് പിഴയിട്ട് ഹൈക്കോടതി. ഹര്‍ജിക്കാരനില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയായി ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജിക്ക് പിന്നില്‍ പൊതുതാല്‍പര്യമില്ലെന്നും പ്രശസ്തി മാത്രമാണ് താല്‍പര്യമെന്നും കോടതി നിരീക്ഷിച്ചു. തീര്‍ത്തും ബാലിശമായ ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കോടതി പറഞ്ഞു.
പിഴത്തുക ആറു മാസത്തിനുള്ളില്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് അടയ്ക്കണമെന്നാണ് ഉത്തരവ്. ഒരു ലക്ഷം എന്നത് ഒരു വലിയ തുകയാണെന്ന് അറിയാമെങ്കിലും ഇത്തരം ബാലിശമായ ഹര്‍ജികളെ നിയന്ത്രിക്കാന്‍ ഇതാവശ്യമാണെന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസ് വി.പി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് പറഞ്ഞു.
നേരത്തേ ഹര്‍ജിയില്‍ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വരുന്നതിന് എന്തിന് നാണിക്കണമെന്നായിരുന്നു കോടതി ചോദിച്ചത്.