അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയില്‍ നിന്ന് മാറ്റിയെന്ന പരാതിയില്‍ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍. സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍, പേരൂര്‍ക്കട പോലീസ്, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ചെയര്‍പേഴ്‌സണ്‍ സുനന്ദ, തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ബാലാവകാശ കമ്മീഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടാണ് നടപടിയെടുത്തത്.
സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. പരാതി എഴുതിക്കിട്ടിയാലേ നടപടി എടുക്കാനാവൂ എന്ന സിഡബ്ല്യുസി ചെയര്‍പേഴ്‌സന്റെ വാദം തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നടപടി. മുന്‍ എസ്എഫ്‌ഐ നേതാവ് അനുപമയാണ് തന്റെ കുഞ്ഞിനെ അമ്മയും അച്ഛനും ചേര്‍ന്ന് എടുത്തു മാറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ഏപ്രില്‍ 19ന് നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പോലീസും പിന്നീട് ഡിജിപി, മുഖ്യമന്ത്രി, സിഡബ്ല്യുസി, സിപിഎം നേതാക്കള്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് അനുപമ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് പ്രസവ ശേഷം ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ കുഞ്ഞിനെ എടുത്തു മാറ്റിയത്. പിന്നീട് കുഞ്ഞിനെ ദത്ത് നല്‍കുന്നതു വരെ പരാതിയില്‍ ആരും നടപടിയെടുത്തില്ലെന്നാണ് അനുപമയുടെ പരാതി. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ദത്ത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സിഡബ്ല്യുസി സ്വീകരിച്ചത്.
കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കില്ലെന്ന സിഡബ്ല്യുസി നിലപാടാണ് മന്ത്രി തള്ളിയത്. കുട്ടിയുടെ ദത്ത് നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം.