കണ്ണൂരില്‍ കെ-റെയില്‍ വിശദീകരണ യോഗത്തിനിടയിലെ സംഘര്‍ഷം; റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ 6 പേര്‍ റിമാന്‍ഡില്‍

 | 
Rijil Makutty

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്ത കെ-റെയില്‍ വിശദീകരണ യോഗത്തില്‍ സംഘര്‍ഷമുണ്ടാക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. രാവിലെ കണ്ണൂരില്‍ വെച്ചായിരുന്നു സംഭവം. മന്ത്രി പ്രസംഗിക്കുന്നതിനിടെ റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘാടകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. പിന്നീട് ജയ്ഹിന്ദ് ടിവി ജീവനക്കാരന്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജയ് ഹിന്ദ് ടിവി ജീവനക്കാരന്റെ മാല ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മോഷ്ടിച്ചുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. 

ജയ് ഹിന്ദ് ചാനലിന്റെ റിപ്പോര്‍ട്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. യോഗം നടക്കുന്ന ഹാളുകള്‍ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.