കായംകുളത്ത് വിവാഹ വാര്‍ഷികാഘോഷത്തിനിടെ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു

 | 
MURDER

കായംകുളം പുതുപ്പള്ളിയില്‍ വിവാഹ വാര്‍ഷികത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പുതുപ്പള്ളി സ്‌നേഹജാലകം കോളനിയിലാണ് സംഭവം. മഠത്തില്‍വീട്ടില്‍ ഹരികൃഷ്ണന്‍ (39) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ ഹരികൃഷ്ണന്റെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജോമോന്റെ വിവാഹ വാര്‍ഷികാഘോഷത്തിന് ഇടയിലാണ് സംഭവം.

വെള്ളിയാഴ്ച രാത്രി ജോമോന്റെ ഭാര്യവീട്ടില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് ഹരികൃഷ്ണന് കുത്തേറ്റത്. രാത്രി 11.30ഓടെയാണ് സംഭവം. ജോമോന്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ചതായും ഇത് ചോദ്യം ചെയ്ത ഹരികൃഷ്ണനുമായി വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായതായാണ് വിവരം. കുത്തേറ്റ ഹരികൃഷ്ണനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോമോനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.