കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ല; കൊടിക്കുന്നിലിനെ തള്ളി വി.ഡി.സതീശന്‍

നവോത്ഥാന നായകനായിരുന്നെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്.
 | 
Kodikunnil
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ സുരേഷിനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. നവോത്ഥാന നായകനായിരുന്നെങ്കില്‍ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നുവെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. കൊടിക്കുന്നിലിന്റെ അഭിപ്രായം തന്റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും വി,ഡി.സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

എസ്.സി/എസ്.ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ ധര്‍ണയിലാണ് കൊടിക്കുന്നില്‍ വിവാദ പരാമര്‍ശം നടത്തിയത്. സിപിഎമ്മില്‍ നിരവധി ചെറുപ്പക്കാരുണ്ടെന്നും മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തു. ദേവസ്വം മന്ത്രിയായ കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി എ.സമ്പത്തിനെ നിയമിച്ചതിനെ ചൂണ്ടിക്കാണിച്ചായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാമര്‍ശം. 

തുടര്‍ച്ചയായി പട്ടികവിഭാഗങ്ങളെ അവഗണിക്കുകയാണ് മുഖ്യമന്ത്രി. മന്ത്രിസഭാ രൂപീകരണത്തിലും അത് കണ്ടു. അതിന് ശേഷമുള്ള ഉദ്യോഗസ്ഥ നിയമനത്തിലും പി.എസ്.സി നിയമനത്തിലും പട്ടികജാതിക്കാരെ തുടര്‍ച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.