നേതൃനിരയിലേക്ക് കൂടുതൽ യുവാക്കളെ കൊണ്ടുവരണമെന്ന് ഹൈക്കമാന്‍റ് ; പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

 | 
umman chandy and ramesh

കേരളത്തിലെ കെപിസിസി- ഡിസിസി പട്ടികയിൽ  കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തണമെന്ന് ഹൈക്കമാൻറ്. സംഘടനാ മികവിനാണ് ഏറ്റവും  മുൻതൂക്കം. സാമുദായിക പരിഗണനക്കൊപ്പം കഴിവും മാനദണ്ഡമാക്കണമെന്നും ഹൈക്കമാൻറ് നിർദ്ദേശിച്ചു. ഹൈക്കമാന്റ് നിലപാടിൽ കടുത്ത പ്രതിഷേധവുമായി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. പുതിയ പട്ടിക നൽകിയത് ഇരുനേതാക്കളും അറിഞ്ഞില്ലെന്നാണ് പരാതി. പുതിയ ​ഗ്രൂപ്പ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്ന് ഇവർ പരാതിപ്പെട്ടു. 

കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കെപിസിസി നേതാക്കൾ രാഹുൽ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്.
കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

ഇന്നലെ കെ സുധാകരൻറെ ദില്ലിയിലെ വസതിയിൽ വി ഡി സതീശനും വർക്കിംഗ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷും പി ടി തോമസും ടി സിദ്ദിഖും യോഗം ചേർന്നിരുന്നു. കേരളത്തിൻറെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവറുമായും എ കെ ആൻറണി, കെ സി വേണുഗോപാൽ എന്നിവരുമായും നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.