കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

 | 
thennala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ ഒരാഴ്ചയായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം എം പി, എംഎല്‍എ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചിരുന്നു, കെപിസിസി അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സൗമ്യമുഖങ്ങളില്‍ ഒരാളായി അറിയപ്പെട്ടയാളാണ് തെന്നല ബാലകൃഷ്ണപിള്ള. രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

കൊല്ലം ശൂരനാട് സ്വദേശിയാണ് തെന്നല ബാലകൃഷ്ണപിള്ള. തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനാണ്. 1931 മാര്‍ച്ച് 11നാണ് ജനനം. തീരെ ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ച തെന്നല കൊല്ലം ഡിസിസി പ്രസിഡന്റായതോടെയാണ് സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെടുന്നത്. 1962ല്‍ അദ്ദേഹം കെപിസിസി അംഗമായി. 1991 മുതല്‍ 1922 വരെയുള്ള കാലത്ത് കെപിസിസി ജനറല്‍ സെക്രട്ടറിയായി. 1991, 1998, 2003 തുടങ്ങിയ വര്‍ഷങ്ങളില്‍ രാജ്യസഭാംഗമായി. 1998 മുതല്‍ 2001 വരെയും 2004 മുതല്‍ 2005 വരെയും കെപിസിസി അധ്യക്ഷനായി.

അടൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ അദ്ദേഹം എംഎല്‍എയായിട്ടുണ്ട്. മൂന്ന് തവണ രാജ്യസഭാംഗമായി. അഞ്ചര വര്‍ഷത്തോളം ഡിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിലെ പ്രധാന നേതാവായി അറിയപ്പെട്ടിരുന്ന തെന്നല കൊല്ലം ജില്ലാ സഹകരണബാങ്കിന്റെ വൈസ് പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കേരള അയ്യപ്പ സേവാസംഘത്തിന്റെ പ്രസിഡന്റുമായിരുന്നു. സതീദേവിയാണ് ഭാര്യ. ഒരു മകളുണ്ട്.