കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി; ജോജുവിന്റെ കോലം കത്തിച്ച് അണികള്‍

 | 
joju car case

ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കീഴടങ്ങി. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് നേതാവ് സി ഐ ഷാജഹാന്‍ തുടങ്ങി 5 നേതാക്കളാണ് കീഴടങ്ങിയത്. കോണ്‍ഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി മരട് പോലീസ് സ്‌റ്റേഷനില്‍ എത്തിയാണ് ഇവര്‍ കീഴടങ്ങിയത്. ഇതിനിടെ പ്രവര്‍ത്തകര്‍ ജോജുവിന്റെ കോലം കത്തിച്ചു.

തനിക്കെതിരെ പോലീസ് കേസെടുത്തത് വ്യാജ പരാതിയിലാണെന്ന് ടോണി ചമ്മിണി പറഞ്ഞു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അധികൃതരേയും ജനങ്ങളേയും അറിയിച്ച ശേഷമാണ് സമരം നടത്തിയത്. സമരത്തെ അലങ്കോലപ്പെടുത്താന്‍ ജോജു ശ്രമിച്ചെന്നും ഇതില്‍ പ്രകോപിതരായാണ് പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ടോണി ചമ്മിണി പറഞ്ഞു.

കോണ്‍ഗ്രസിന്റെ അടുത്ത സമരം സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്ന് മനസ്സിലാക്കിയപ്പോള്‍ സിപിഎം ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ ഒത്തുകളിയാണിതെന്നും ടോണി ചമ്മിണി ആരോപിച്ചു. കാര്‍ തകര്‍ത്ത സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരില്‍ രണ്ടു പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കാറിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.