കോൺഗ്രസ് സിറ്റിങ് എം.എൽ.മാർ വീണ്ടും മത്സരിക്കും

മാറ്റം നാല് മണ്ഡലങ്ങളിൽ മാത്രം
 | 
vd

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗവും വീണ്ടും മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വരുന്ന തെരഞ്ഞടുപ്പിനെ ജീവന്മരണ പോരാട്ടമായാണ് കോൺഗ്രസ് കാണുന്നത്. അതിനാൽ സിറ്റിങ് എം.എൽ.എമാരുടെ ജനപ്രിയത മുതലെടുക്കണമെന്ന് അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം എം.എൽ.എമാരും സീറ്റ് ഉറപ്പാക്കിയത്. തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാരെ നിലനിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിൽ അടക്കം 21 എം.എൽ.എമാരാണ് സംസ്ഥാനത്ത് കോൺഗ്രസിനുള്ളത്. ഇതില്‍ തൃപ്പൂണിത്തുറയിലെ കെ. ബാബു, പെരുമ്പാവൂർ എം.എൽ.എ എല്‍ദോസ് കുന്നപ്പിള്ളി, സുല്‍ത്താന്‍ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണന്‍എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ആണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. കെ. ബാബു എം.എൽ.എ ആരോഗ്യപരമായ കാരണങ്ങളാല്‍ മത്സരത്തിനില്ലെന്ന് നിലപാട് എടുത്തിരിക്കുകയാണ്. എന്നാൽ വീണ്ടും മത്സരിക്കാൻ കെ. ബാബുവിന് മേൽ നേതാക്കാൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്.

എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിഘാതമാകുന്നത് ലൈംഗിക പീഡന ആരോപണമാണ്. വയനാട്ടിലെ സംഘടനാ പ്രശ്നമാണ് ഐ.സി ബാലകൃഷ്ണന് തിരിച്ചടിയാകുന്നത്. ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വയനാട് സഹകരണ ബാങ്കിലെ അഴിമതി ആരോപണമാണ് ഐ.സി. ബാലകൃഷ്ണന് തിരിച്ചടിയാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പകരം പാലക്കാട്ട് സീറ്റിലേക്കും അനുയോജ്യനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എ.ഐ.സി.സി പ്രഖ്യാപിക്കും. കഴിഞ്ഞതവണ കോൺഗ്രസ് 93 സീറ്റിലാണ് മത്സരിച്ചത്. സിറ്റിങ് എം.എൽ.എമാർക്കൊപ്പം കഴിഞ്ഞതവണ ചെറിയ വ്യത്യാസത്തിൽ തോറ്റവർക്കും പരിഗണന ലഭിക്കുമെന്നാണ് അറിയുന്നത്.

ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കും. തദ്ദേശസ്ഥാപനത്തിലെ വോട്ട് നില, സർവേ സംഘത്തിന്റെ റിപ്പോർട്ട്, കോർ കമ്മിറ്റി വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. ജയം ഉറപ്പുള്ളത് ‘എ’ വിഭാഗം. പരിശ്രമം നടത്തിയാൽ ജയിക്കാവുന്നതാണ് ‘ബി’ വിഭാഗം. മറ്റുള്ളവ ‘സി’ യും. 93 സീറ്റുകളിൽ തന്നെയായാരിക്കും കോൺഗ്രസ് ഇത്തവണയും മത്സരിക്കുക.