കോണ്‍ഗ്രസ്- ആർ.എസ്.പി ചർച്ച; പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്. തൃപ്തരെന്ന് ആർ.എസ്.പി

 | 
vd satheeshan

തിരുവനന്തപുരം: ആർഎസ്പി- കോൺ​ഗ്രസ് ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.  ഗൗരവമുള്ള കാര്യങ്ങൾ ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും. ചവറയിലെ തിരഞ്ഞടുപ്പ് തോൽവി സംബന്ധിച്ചുള്ള ചർച്ചകളല്ല നടന്നത്. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പം ഉണ്ടാകാനും മുന്നണി മര്യാദകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനുമാണ് ചർച്ചകൾ. കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ആർ.എസ്.പിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർ നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. 

ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസുമായി പ്രശ്നങ്ങൾ ഒന്നുമില്ല. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി.