വി.ഡി സതീശനായി തെരുവിലിറങ്ങി കോൺഗ്രസ്‌ പ്രവർത്തകർ: കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം

പട നയിച്ചവൻ നാട് നയിക്കട്ടെ എന്ന് മുദ്രാവാക്യം
 | 
VDS protest

വി.ഡി സതീശന് വേണ്ടി തെരുവിലിറങ്ങി കോൺഗ്രസ്‌ പ്രവർത്തകർ. എറണാകുളത്തും കണ്ണൂരിലുമാണ് കോൺഗ്രസ് പ്രവർത്തകർ വി.ഡി. സതീശന് അനുകൂല പ്രകടനം നടത്തിയത്. 'പട നയിച്ചവൻ നാട് നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രകടനം നടന്നത്. 10 വർഷമായി തകർന്നുകൊണ്ടിരുന്ന കോൺഗ്രസിനെ തിരികെ കൊണ്ടുവന്നത് വി.ഡി. സതീശനാണ്. അദ്ദേഹത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നെട്ടൂരിലെ ഐ.എൻ.ടി.യു.സി പ്രവർത്തകരാണ് പ്രകടനം നടത്തിയത്.

കെ.സി. വേണുഗോപാലിന്റെ നാട്ടിലും വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രകടനം നടത്തും. പഴയങ്ങാടിയിൽ വൈകീട്ടാണ് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുക. കോഴിക്കോട് കുറ്റ്യാടിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് പ്രകടനം. കെ.എം. അഭിജിത്തിന്റെ മീഡിയ ഗ്രൂപ്പിലാണ് പോസ്റ്റർ ഉയർന്നത്.

അതേസമയം, ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാൻ എ.ഐ.സി.സി നിരീക്ഷകരുടെ നേതൃത്വത്തിൽ നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോൾ കോൺഗ്രസിൽ മുഖ്യമന്ത്രി സീറ്റിനായുള്ള പോര് കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ ഇറങ്ങിയിട്ടുണ്ട്. എം.എൽ.എമാരുടെ പിന്തുണ കെ.സി പക്ഷത്തിനാണ് കൂടുതലെന്ന അവകാശവാദം കെ.സി പക്ഷം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, എം.എൽ.എമാരെ കണ്ട ശേഷം കെ.സി. പക്ഷത്തിന്‍റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് വി.ഡി പക്ഷവും ആർ.സി പക്ഷവും പറയുന്നു. 46 പേരുടെ പിന്തുണ എന്ന കെ.സി പക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് വി.ഡി-ആർ.സി പക്ഷങ്ങൾ വ്യക്തമാക്കി. 30 മുതൽ 35 വരെ എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കാണെന്നാണ് വി.ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്‍റെ അവകാശ വാദം.

എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ.സി. വേണുഗോപാലിനെതിരെ സൈബർ ആക്രമണം. മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോഴാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാകുന്നത്. സതീശൻ അനുകൂലികൾ പോസ്റ്റുകളായും കെ.സിയുടെ ഫേസ്ബുക്ക് പേജിലെ കമന്‍റായും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെ.സിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിലുള്ളത്. രാഹുൽ ഗാന്ധിയുടെ പേജിലും വി.ഡി. സതീശനെ പിന്തുണച്ചും കെ.സിയെ വിമര്‍ശിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.