കുർബാന അർപ്പണ രീതി ഏകീകരണം; സീറോമലബാർ സഭയിൽ തർക്കം

 | 
KURBANA

കുർബാന അർപ്പണ രീതിയുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭയിൽ വലിയ തർക്കം. 1999ലെ സഭാ സിനഡ് എടുത്ത രീതി നടപ്പാക്കണമെന്ന് സീറോ മലബാർ സഭയുടെ ആഗസ്റ്റ് 16 മുതൽ 27 വരെ ഓൺലൈനായി നടന്ന  സിനഡ് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഇതിനെതിരെ എറണാകുളം അങ്കമാലി അതിരൂപത രം​ഗത്തു വന്നു. പഴയ രീതിയായ ജനാഭിമുഖ ദിവ്യബലി തുടരണമെന്നാണ് അതിരൂപത പറയുന്നത്. 

കാർമികൻ ആമുഖശുശ്രൂഷയും വചനശുശ്രൂഷയും വചനവേദി (ബേമ്മ)യിൽ വച്ചു ജനാഭിമുഖമായും അനാഫൊറാ ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും വി. കുർബ്ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. ഇത് നവംബർ 28-ാം തിയ്യതി ഞായറാഴ്ച മുതൽ സഭയിൽ നടപ്പിലാക്കാനും സിനഡു തീരുമാനിച്ചു. എന്നാൽ ഇതു പറ്റില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് എറണാങ്കുളം- അങ്കമാലി അതിരൂപത പ്രസ്താവനയിൽ പറഞ്ഞു.
 
ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും സന്ന്യാസഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും 2021 നവംബർ 28നു തന്നെ ആരംഭിക്കണമെന്നാണ് സിനഡ് തീരുമാനം. സഭയിലെ മുഴുവൻ വിശ്വാസികൾക്കും പഴയ രീതിയാണ് താൽപര്യമെന്നും  ഭൂരിപക്ഷ അഭിപ്രായം മാനിക്കാതെ സിനഡ് എടുത്ത തീരുമാനമാണ് ഇതെന്നും പിആർഒ മാത്യു കിലുക്കൻ പത്രക്കുറിപ്പിൽ അറിയിച്ചു. അതിരൂപതക്ക് കീഴിലുളള വൈദികരും വിശ്വാസികളും പഴയ ജനാഭിമുഖ ദിവ്യബലി തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഫ്രാൻസീസ് മാർപാപ്പയുടെ ആശയത്തെ തള്ളി സിനഡ് നടത്തിയ ഏകപക്ഷീയ പരിഷ്ക്കാരങ്ങൾ പിൻവലിക്കണമെന്നും അതിരൂപത പറയുന്നു.