കൺസ്യൂമർഫെഡ്‌ സഹകരണ ഓണച്ചന്ത 19 ന് ആരംഭിക്കും

 | 
consumerfed

കോഴിക്കോട്‌: കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണച്ചന്തക്ക്‌ 19 ന്‌ തുടക്കമാകും. 28വരെ പത്ത്‌ ദിവസം സംസ്ഥാനത്താകെ 1,500 ഓണച്ചന്തകളാണ്‌ പ്രവർത്തിക്കുക. പൊതുവിപണി  വിലയിലും പത്ത്‌ മുതൽ 40 ശതമാനംവരെ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ചന്തകളിൽ ലഭിക്കുമെന്ന്‌ കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബും എം ഡി എം സലീമും അറിയിച്ചു. 20–ന്‌ രാവിലെ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ ഓണംവിപണി ഉദ്‌ഘാടനം ചെയ്യും.

ഒരു റേഷൻകാർഡിന്‌ സപ്ലെകോനിരക്കിൽ സബ്‌സിഡി സാധനങ്ങളായ ആന്ധ്രജയ അരി, കുറുവ, കുത്തരി (അഞ്ച്‌ കിലോ), പച്ചരി (രണ്ട്‌കിലോ), പഞ്ചസാര, (ഒരുകിലോ) ചെറുപയർ, വൻകടല, ഉഴുന്ന്‌, വൻപയർ, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി (അരകിലോവീതം), വെളിച്ചെണ്ണ (അരലിറ്റർ) എന്നീ അളവിലാണ്‌ ലഭിക്കുക. കുറഞ്ഞവിലക്ക്‌ സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്‌, കറിപ്പൊടികൾ,അരിപ്പൊടികൾ, തേയില എന്നിവയും വിലക്കുറവിൽ കിട്ടും. ഓണച്ചന്തകളിലൂടെ  200 കോടി രൂപയുടെ കച്ചവടമാണ്‌ പ്രതീക്ഷിക്കുന്നത്‌. സഹകരണസംഘങ്ങൾക്ക്‌ തിരക്കില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്‌. വാർത്താസമ്മേളനത്തിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ മാനേജർ ജി ദിനേശ്‌രാജ്‌, പർച്ചേസിംഗ്‌ മാനേജർ എ ശ്യാം, റീജിനൽ മാനേജർ പി കെ അനിൽകുമാർ എന്നിവരും പങ്കെടുത്തു.

കൺസ്യൂമർഫെഡിൽ സമ്മാനമഴ

ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനമഴ ഒരുക്കിയിരിക്കുകയാണ് കൺസ്യൂമർഫെഡ്‌.  അഞ്ഞൂറ്‌ രുപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവരെയാണ് ആകർഷകമായ സമ്മാനം കതിരിക്കുന്നത്. ദിവസവും നറുക്കെടുപ്പിലാണ്‌  സമ്മാനാർഹരെ തെരഞ്ഞെടുക്കുക.  കൺസ്യൂമർഫെഡ്‌ നേരിട്ട്‌ നടത്തുന്ന(ത്രിവേണി ) 175 ചന്തകളിലാണ്‌ ഓണാഘോഷം കൊഴുപ്പിക്കാൻ സമ്മാനങ്ങൾ കാത്തിരിക്കുന്നത്‌. സെപ്‌തംബർ ഒന്ന്‌ വരെ തുടരും.