നിപ;സമ്പർക്കപ്പട്ടിക ഉയർന്നേക്കാം. തീവ്രവ്യാപന സാധ്യതയില്ലെന്ന് കേന്ദ്രസംഘം

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ വന്നേക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഏഴുപേരുടെ സാമ്പിൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി മന്ത്രി പറഞ്ഞു. നിലവിൽ ഹൈറിസ്ക് വിഭാഗത്തിൽ പെടുത്തിയ 20പേർ ഉൾപ്പെടെ 188പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഈ പട്ടികയാണ് ഉയരാൻ സാധ്യതയുള്ളത് . കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഊർജിതമായി നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്ത സംഭവത്തിന് നിപയുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവർത്തകരും ചികിൽസയിലാണെങ്കിലും ഇവരുടെ നില ഗുരുതരമല്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈറോളജി ലാബ് സജ്ജീകരിക്കുകയാണ്. ഇതിനായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സഹായിക്കും. ആരോഗ്യ പ്രവർത്തകർക്ക് നിപ ചികിത്സക്കുള്ള പരിശീലനം ഇന്ന് മുതൽ തുടങ്ങും. നിപ ചികിത്സ മെഡിക്കൽ കോളജ് ആശുപത്രിയുടെ മറ്റ് ചികിൽസകളെ ബാധിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം നിപ വ്യാപനം തീവ്രമാകാനിടയില്ലെന്നാണ് കേന്ദ്ര സംഘത്തിൻ്റെ ആദ്യ നിഗമനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ കേരളത്തിലെത്തും. ഏരിയൽ ബാറ്റ് സർവേയ്ക്കും കേന്ദ്രം നിർദ്ദേശം നൽകി.