ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി അറസ്റ്റില്‍
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരി മരുന്ന് കേസിലെ വിവാദ സാക്ഷി കിരണ്‍ ഗോസാവി അറസ്റ്റില്‍. പൂനെ പോലീസാണ് ഇയാളെ ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്. ആര്യന്‍ അറസ്റ്റിലായ ക്രൂസ് കപ്പലിലെ റെയ്ഡ് നടക്കുമ്പോള്‍ ഇയാള്‍ എന്‍സിബി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ആര്യന്റെ മുന്നില്‍ നിന്ന് ഇയാള്‍ എടുത്ത സെല്‍ഫി പിന്നീട് വൈറലാവുകയും ചെയ്തു.
സ്വകാര്യ ഡിറ്റക്ടീവായ കിരണ്‍ ഗോസാവി എന്‍സിബി സംഘത്തിനൊപ്പം റെയ്ഡിന് എത്തിയതില്‍ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. സെല്‍ഫി വൈറലായതോടെ പഴയൊരു വഞ്ചനാ കേസില്‍ മഹാരാഷ്ട്ര പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ആര്യനെ അറസ്റ്റ് ചെയ്ത എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡേയുടെ ഇടനിലക്കാരനാണ് ഇയാളെന്നും കേസുകളില്‍ ഇവര്‍ കോടികള്‍ തട്ടുന്നുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആര്യന്‍ കേസില്‍ 18 കോടി ഇവര്‍ വാങ്ങിയെന്ന് കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സെയില്‍ ആണ് വെളിപ്പെടുത്തിയത്. ഗോസാവിയുടെ ബോഡിഗാര്‍ഡായിരുന്നു പ്രഭാകര്‍.
ഈ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വാങ്കഡേയ്ക്ക് എതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വാങ്കഡേയെ ചോദ്യം ചെയ്തതിന് ശേഷമാണ് ഗോസാവിയുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ആരോപണങ്ങള്‍ ഗോസാവി നിഷേധിച്ചു. സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണ് കപ്പലില്‍ റെയ്ഡ് നടന്നപ്പോള്‍ അവിടെ പോയതെന്നും ഒരു കേസിലും താന്‍ ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
ഗോസാവിയെ ഉച്ചയോടെ മുംബൈയില്‍ എത്തിക്കും. എന്‍സിബിയും ഇയാളെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസില്‍ ഉത്തര്‍പ്രദേശ് പോലീസില്‍ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുന്‍പ് പറഞ്ഞിരുന്നു. മുംബൈ പോലീസില്‍ വിശ്വാസമില്ലെന്നും ഭയമുണ്ടെന്നും ഗോസാവി പറഞ്ഞിരുന്നു.