പ്യൂൺ മുതൽ ഡോക്ടർമാരുടെ നിയമനത്തിൽ വരെ അഴിമതി; വീണാ ജോർജിനെതിരെ ആരോപണവുമായി കെ സുരേന്ദ്രൻ

 | 
surendran

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരോഗ്യവകുപ്പിലെ അഴിമതികൾ മറച്ചുവെക്കാനാണ് വിവാദങ്ങളെന്നും പ്യൂൺ മുതൽ ഡോക്ടർമാരുടെ നിയമനത്തിൽ വരെ അഴിമതിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സ കിട്ടണമെങ്കിൽ ലക്ഷങ്ങൾ കൈക്കൂലി കൊടുക്കണം. വീണാ ജോർജ് അറിഞ്ഞു കൊണ്ടാണ് പല അഴിമതികളും നടക്കുന്നത്. അവർക്കെതിരായ നീക്കം സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ്. ഇതുവരെയുള്ള അഴിമതി മൂടാനാണ് ശ്രമമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഹകരണ ബാങ്കുകളിൽ പണം നഷ്ടപ്പെട്ടവരെ കാണണമെന്നും ഇഡി അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 2016-ലെ നോട്ട് നിരോധനത്തിനെതിരെ സമരം ചെയ്തത് പിണറായി വിജയനാണ്. സഹകരണ ബാങ്ക് വിഷയത്തിൽ യുഡിഎഫിന്റെ സമരം കേന്ദ്രസർക്കാരിനെതിരെയാണ്.

അന്വേഷണത്തിൽ കുഞ്ഞാലിക്കുട്ടിക്കും ഭയമാണ്. നവംബറിൽ ബിജെപിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സമ്മേളനം കോട്ടയത്ത് നടത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. തൃശ്ശൂരിൽ കാര്യങ്ങൾ സുരേഷ് ഗോപി ചിന്തിക്കുന്ന രീതിക്കാണ് പോകുന്നത്. സുരേഷ് ഗോപി രാജ്യസഭാംഗമായത് ഇഡി കളമൊരുക്കിയിട്ടാണോ എന്ന് ചോദിച്ച സുരേന്ദ്രൻ സഹകരണ ബാങ്ക് വിഷയത്തിൽ എ സി മൊയ്ദീൻ രക്ഷപ്പെടാൻ പോകുന്നില്ലെന്നും പറഞ്ഞു. അഴിമതിക്ക് പിന്നിൽ മൊയ്‌തീന്റെ കറുത്ത കൈകളാണ്. പരാതിയുണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കുകളിലും അന്വേഷണം നടക്കട്ടെയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.