ഇ ബുള്‍ ജെറ്റ്; ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി തള്ളി കോടതി

പ്രതികള്‍ക്ക് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പോലീസ് പറഞ്ഞിരുന്നു.

 | 
E bull Jet
ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി തള്ളി കോടതി.

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജി തള്ളി കോടതി. തലശ്ശേരി സെഷന്‍സ് കോടതിയാണ് പോലീസിന്റെ ആവശ്യം തള്ളിയത്. കണ്ണൂര്‍ ആര്‍ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ പോലീസ് പറഞ്ഞിരുന്നു.

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരായ എബിനും ലിബിനും ജാമ്യത്തില്‍ തുടര്‍ന്നാല്‍ അത് തെറ്റായ സന്ദേശമാകും നല്‍കുകയെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ടെമ്പോ ട്രാവലര്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ നെപ്പോളിയന്‍ എന്ന് പേരുള്ള വാഹനം പിടിച്ചെടുത്തിരുന്നു. ഇതിന് പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ആരാധകരുമായെത്തി സഹോദരന്‍മാര്‍ ആര്‍ടി ഓഫീസില്‍ ബഹളമുണ്ടാക്കുകയായിരുന്നു. 

ഇതേത്തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമായിരുന്നു കേസ്. റിമാന്‍ഡിലായ പ്രതികളെ തൊട്ടടുത്ത ദിവസം തന്നെ കോടതി ജാമ്യത്തില്‍ വിട്ടു. പിഴയടയ്ക്കാമെന്ന് കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. 

ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. പ്രതികളുടെ സോഷ്യല്‍ മീഡിയ പേജിലെ വീഡിയോകള്‍ ചൂണ്ടിക്കാട്ടി കലാപാഹ്വാനത്തിനും പ്രകോപനം സൃഷ്ടിക്കലിനും മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ സെല്‍ ഓഫീസിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.