രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഒക്ടോബറോടെ; മുന്നറിയിപ്പുമായി വിദഗ്ദ്ധ സമിതി

ന്യൂഡല്‍ഹി: ഒക്ടോബറോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് കീഴിലുള്ള വിദഗ്ദ്ധസമിതിയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും രോഗ വ്യാപനത്തിന്റെ തോത് ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്.
കുട്ടികള്‍ക്കും മൂന്നാം തരംഗത്തില്‍ വ്യാപനമുണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ രാജ്യത്തെ ആശുപത്രികളില്‍ നിലവിലുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കും. ഇത് കണക്കിലെടുത്ത് എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്‍ഡുകള്‍, പീഡിയാട്രിക് ഐസിയുകള്‍ എന്നിവയുടെ എണ്ണവും വര്‍ധിപ്പിക്കണം. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കണം.
ഡോക്ടര്‍മാര്‍, ജീവനക്കാര്‍, വെന്റിലേറ്റേറുകള്‍, ആംബുലന്‍സ് തുടങ്ങിയവ കൂടുതല്‍ ആവശ്യമുണ്ട്. നിലവില്‍ ആശുപത്രികളിലുള്ള കിടക്കകള്‍, ഓക്സിജനറേറ്ററുകള്‍ തുടങ്ങിയവയൊക്കെ കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആവശ്യമായതിനേക്കാള്‍ കുറവാണ്. ഇവ കൂടുതല്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ അവസാന ആഴ്ചയോടെ മൂന്നാം തരംഗം പീക്കില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.