ഷിജുഖാനെ സംരക്ഷിച്ച് സിപിഎം; തെറ്റുകാരനല്ലെന്നും കൈവിടില്ലെന്നും പാർട്ടി

 | 
aanaanvoor

 ദത്ത് നടപടിയിൽ വീഴ്ചകൾ പുറത്തുവന്നിട്ടും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സിപിഎം സംരക്ഷിക്കുന്നു. ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും അനുപമയുടെ കുഞ്ഞിന്റെ വിഷയത്തിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറഞ്ഞു.  കുറ്റം തെളിയുംവരെ ഷിജുഖാനെതിരെ നടപടി ഉണ്ടാകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

വനിതാ ശിശുവികസന ഡയറക്ടർ ടിവി അനുപമയുടെ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്നും ശിശുഷേമസമിതിക്ക് തെറ്റുപറ്റിയെന്ന് റിപ്പോർട്ട് വന്നാൽ നടപടി അപ്പോൾ ആലോചിക്കാെന്നും അദേഹം പറഞ്ഞു.  അത് വരെ ഒരു നടപടിയും ഉണ്ടാകില്ലെന്നും ആനാവൂർ കൂട്ടിച്ചേർത്തു. 

സർക്കാരിന്റെയും പാർട്ടിയുടേയും അവസാന വാക്ക് ആനാവൂരല്ല എന്നായിരുന്നു ഇതിനോടുള്ള അനുപമയുടെ മറുപടി. ആനാവൂരും തെറ്റുകാരനായതു കൊണ്ടാണ് ഷിഷുഖാനെ സംരക്ഷിക്കുന്നതെന്നും അനുപമ പറഞ്ഞു. 

ദത്ത് നടപടികളിൽ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതരവീഴ്ചയുണ്ടായി എന്നായിരുന്നു വനിതാ ശിശുവികസന ഡയറക്ടർ ടി വി അനുപമയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നാണ് ആനാവൂർ പറയുന്നത്.