ദത്ത് വിവാ​ദത്തിൽ സിപിഎം വിശദീകരണം; കുഞ്ഞിനെ അനുപമക്ക് കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന് ആനാവൂർ നാ​ഗപ്പൻ

 | 
anavoor


പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ദത്ത് വിവാദത്തിൽ വിശദീകരണവുമായി സിപിഐ(എം). കുഞ്ഞിനെ അമ്മയായ അനുപമക്ക് കിട്ടണമെന്നതാണ് പാർട്ടി നിലപാടെന്ന് ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കുഞ്ഞിന്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും അമ്മ അനുപമ ഫോണിൽ വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആനാവൂർ നാ​ഗപ്പൻ അറിയിച്ചു. 

അനുപമ തന്നെ സമീപിച്ചിട്ടില്ല, പരാതി ഇവിടെ കൊടുക്കുകയാണ് ചെയ്തത്. പാർട്ടിപരമായി പരിഹരിക്കാൻ കഴിയുന്ന പ്രശ്നം അല്ല എന്നാണ് ഞാൻ പറഞ്ഞത്, മോളേ എന്ന് വിളിച്ചാണ് സംസാരിച്ചതെന്നും ആനാവൂർ വിശദീകരിച്ചു. എന്നാൽ ഈ വാദം അനുപമയും ഭർത്താവ് അജിത്തും തള്ളി. മോളേ എന്ന് വിളിച്ച് സംസാരിച്ചിട്ടില്ല. തൻ്റെ കുഞ്ഞിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും ഇതിലൊന്നും പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നാണ് അനുപമ പറയുന്നത്. 

സിപിഐ(എം) പിന്തുണയിൽ വിശ്വാസമില്ലെന്ന് അജിത്തും അനുപമയും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തി തരണമെന്ന് ആവശ്യപ്പെട്ടു മുൻപ് ആനാവൂർ നാഗപ്പനോട് സംസാരിച്ചപ്പോൾ തങ്ങളോട് പൊട്ടിത്തെറിക്കുകയാണ്  ചെയ്തത്.  ആനാവൂരിന് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നത് മുഖം രക്ഷിക്കാൻ വേണ്ടി മാത്രമാണെന്നും അവർ പറഞ്ഞു.

വിഷയത്തിലെ അനുപമയുടെ പ്രതികരണം

ഇപ്പോൾ പറയുന്നതല്ല പാ‍ർട്ടി അന്നെടുത്ത നിലപാട്. ആറ് മാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂ‍ർ നാ​ഗപ്പനെ ഞങ്ങൾ നേരിൽ പോയി കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂ‍ർ നാ​ഗപ്പനും ജയൻ ബാബു സഖാവിനും ഞങ്ങൾ പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിലാണ് നേതാക്കളെ കാണാൻ പോയത്. കൊവിഡ് രോ​ഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല. പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാ‍ർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എൻ്റെ പരാതിയിൽ ഒരിടത്തും എൻ്റെ കൈയിൽ നിന്നും അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം എൻ്റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് എൻ്റെ അനുമതി പത്രത്തോടെയാണ് കു‍ഞ്ഞിനെ കൈമാറിയത് എന്ന് കള്ളം പറഞ്ഞത്. പിന്നെ എങ്ങനെയാണ് എന്നോട് ഇതേക്കാര്യം ആദ്യം തന്നെ സംസാരിച്ചു എന്ന് ആനാവൂ‍ർ നാ​ഗപ്പൻ പറയുക. ​

ആനാവൂർ നാഗപ്പൻ ഇന്ന് പറഞ്ഞ കാര്യങ്ങൾ കുഞ്ഞിനെ അനധികൃതമായി ദത്തു കൊടുത്ത സംഭവം കൂടുതൽ സങ്കീർണമാക്കുകയാണ്. ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയാണ് ഷിജു ഖാൻ. അദ്ദേഹവുമായി അനുപമയുടെ വിഷയം സംസാരിച്ചിരുന്നുവെന്ന് ആനാവൂർ നാഗപ്പൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എങ്ങനെയാണ് അനുപമയുടെ കുഞ്ഞാണെന്ന് അറിഞ്ഞു കൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്ത് കൊടുക്കുക? എന്തു കൊണ്ട് സത്യമറിഞ്ഞിട്ടും ഷിജുഖാൻ ദത്ത് കൊടുക്കാൻ സമ്മതിച്ചെന്ന് വ്യക്തമല്ല. ഏപ്രിൽ 19-ന് പേരൂർക്കട പൊലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും അനുപമയും അജിത്തും പരാതി കൊടുത്തെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പൊലീസും ദത്തിന് ഒത്താശ ചെയ്തു. 

ഏപ്രിൽ 28-ന് ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദ അജിതും അനുപമയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ഒക്ടോബ‍‍ർ 22-ന് ആശുപത്രിയിൽ പോയി തിരികെ വരും വഴി ജ​ഗതിയിൽ വച്ച് കാറിൽ നിന്നും അച്ഛനും അമ്മയും ചേ‍ർന്ന് തൻ്റെ കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടു പോയെന്ന് അനുപമ കൂടിക്കാഴ്ചയിൽ സുനന്ദയോട് വ്യക്തമായി പറഞ്ഞിരുന്നു. ആ തീയതിയിൽ തൈക്കാട്ടെ ശിശുക്ഷേമ സമിതിയിൽ ഒരു കുഞ്ഞിനെയാണ് പ്രവേശിപ്പിച്ചതായി രേഖകളിൽ വ്യക്തമാവുന്നത്.  ഈ കുട്ടി ആരുടേതാണ് എന്ന് ശിശുക്ഷേമസമിതി അധികൃത‍ർക്ക് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടാണ് അതിവേ​ഗം ദത്ത് കൊടുക്കൽ നടപടികൾ പൂ‍‍ർത്തീകരിക്കാൻ ഇവർ ശ്രമിച്ചത് എന്നതാണ് ​ഗുരുതരമായ കാര്യം. 

പ്രതിപക്ഷ നേതാവിന്റെ പ്രതികരണം

ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി  അവഗണിക്കരുത്. അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്. കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്. പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ.