ദിലീപിന്റെ ഐടി സഹായി സലീഷിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം

 | 
Dileep

ദിലീപിന്റെ ഐടി സഹായിയും സുഹൃത്തുമായിരുന്ന സലീഷിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം. സലീഷിന്റെ അപകട മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ അങ്കമാലി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ സലീഷിന്റെ സഹോദരന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും. സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമില്‍ പ്രവര്‍ത്തിച്ചവരുടെയും മൊഴിയെടുക്കാനാണ് നീക്കം. 

ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറാണ് സലീഷിന്റെ മരണത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ശേഖരിച്ചത് സലീഷ് ആയിരുന്നു. പല നിര്‍ണായക വിവരങ്ങളും ദിലീപിന്റെ വിശ്വസ്തനായ സലീഷിന് അറിയാമായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതിന് മൂന്നാം ദിവസമാണ് അപകടത്തില്‍ സലീഷ് കൊല്ലപ്പെട്ടത്.

വഴിയരികിലെ തൂണില്‍ കാറിടിച്ചായിരുന്നു സലീഷിന്റെ മരണം. സംഭവസ്ഥലത്തു തന്നെ യുവാവ് മരിച്ചു. ദിലീപ് ജയിലില്‍ ആയിരുന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഫോണ്‍ ചെയ്തു. അരുണ്‍ ഗോപി ഈ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അരുണ്‍ ഗോപി ഇക്കാര്യം അറിയിച്ചു. 

ഈ കോള്‍ റെക്കോര്‍ഡ് തിരിച്ചെടുക്കാന്‍ സലീഷിന്റെ പെന്റാ മേനകയിലെ മൊബൈല്‍ കടയിലാണ് ഏല്‍പിച്ചത്. താനാണ് സലീഷിനെ ദിലീപിന് പരിചയപ്പെടുത്തിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.