രണ്ടാം വരവിൽ രണ്ടു ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ; യുണൈറ്റഡിന് വിജയം

 | 
Ronaldo

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഓൾഡ് ട്രഫോഡിൽ രണ്ടു ഗോൾ നേടിയ റൊണാൾഡോയുടെ മികവിൽ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു. 

ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ആണ് റൊണാൾഡോ ഗോൾ നേടിയത്. ന്യൂകാസിൽ ഗോളി തടുത്തിട്ട പന്ത് റീബൗണ്ടിൽ റൊണാൾഡോ പോസ്റ്റിൽ എത്തിച്ചു.

രണ്ടാം പകുതി തുടങ്ങിയ ഉടനെ ന്യൂകാസിൽ സമനില പിടിച്ചു. ഡിഫൻഡർ ഹാവിയർ മാൻക്വിലോ ആണ് 56മിനിറ്റിൽ  ഗോൾ നേടിയത്. എന്നാൽ ഉടൻ തന്നെ റൊണാൾഡോയുടെ യുണൈറ്റഡ് ലീഡ് തിരിച്ചു പിടിച്ചു. ലുക് ഷോ നടത്തിയ മനോഹരമായ ഒരു മുന്നേറ്റം ഗോൾകീപ്പറുടെ കാലിനിടയിലൂടെ പായിച്ചു റൊണാൾഡോ ഗോൾ നേടി. 80മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 92മിനിറ്റിൽ ജെസി ലിംഗാർഡും ഗോൾ അടിച്ചു. പോഗ്ബ ആയിരുന്നു രണ്ടു ഗോളിന്റെയും അസിസ്റ്റ്. 

മറ്റൊരു കളിയിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം. ബെർണാണ്ടോ സിൽവ ഗോൾ നേടി.

തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ടോട്ടനം ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റു. എന്നാൽ തുടർച്ചയായ മൂന്ന് തോൽവിക്ക് ശേഷം ആഴ്‌സണൽ വിജയിച്ചു. നോർവിച്ച് സിറ്റിയെ ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് വിജയം. വൂൾഫ്‌സ് എതിരില്ലാത്ത 2 ഗോളിന്  വാറ്റ്ഫോഡിനെ തോൽപ്പിച്ചു.