അലമാര നിറയെ നോട്ടുകെട്ടുകള്‍; പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ സൂക്ഷിച്ച നോട്ട് എണ്ണിക്കുഴഞ്ഞ് ആദായ നികുതി വകുപ്പ്

 | 
Note

പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയ നോട്ടുകെട്ടുകള്‍ എണ്ണിത്തീരാതെ ആദായ നികുതി വകുപ്പ്. കാണ്‍പൂരിലെ പെര്‍ഫ്യൂം വ്യാപാരിയും സമാജ് വാദി പാര്‍ട്ടിയുടെ പേരില്‍ അത്തര്‍ പുറത്തിറക്കിയയാളുമായ പിയുഷ് ജെയിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. അലമാരയില്‍ കെട്ടുകെട്ടുകളായി സൂക്ഷിച്ചിരുന്ന നോട്ടുകളില്‍ 150 കോടി രൂപ വരെ എണ്ണിത്തീര്‍ന്നു. എന്നാല്‍ ഇനിയും നോട്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ജെയിന്റെ ഉടമസ്ഥതയില്‍ മുംബൈയിലും ഗുജറാത്തിലുമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പാണ് റെയ്ഡ് ആരംഭിച്ചത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വ്യാജ ഇന്‍വോയ്‌സ് സൃഷ്ടിച്ച് ഇടപാടുകള്‍ രേഖപ്പെടുത്തി നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 50000 രൂപ വീതം രേഖപ്പെടുത്ത് 200 വ്യാജ ഇന്‍വോയിസുകള്‍ കണ്ടെത്തി. റെയ്ഡില്‍ നോട്ടുകെട്ടുകള്‍ കണ്ടതോടെ ഇന്‍കം ടാക്‌സ് വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു.

ആറ് വലിയ പെട്ടികളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇവയുടെയും ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ എണ്ണുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ജെയിന്‍ 40 കമ്പനികളിലൂടെ ബിസിനസുകള്‍ നടത്തിയിരുന്നതായാണ് പരിശോധനയില്‍ വ്യക്തമായത്.