കുസാറ്റ് ദുരന്തം; മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ക്യാംപസിൽ എത്തിച്ചു

 | 
Cusat

കുസാറ്റിൽ ഗാനമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ക്യാംപസിൽ എത്തിച്ചു. എൻജിനീയറിംഗ് വിദ്യാർത്ഥികളായ സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരാണ് മരിച്ചത്. കുസാറ്റിൽ നടക്കുന്ന പൊതുദർശനത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. 

ശനിയാഴ്ച വൈകിട്ടാണ് ദുരന്തമുണ്ടായത്. കുസാറ്റിൽ നടന്നു വന്ന ടെക് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്ന ഗാനസന്ധ്യ കാണാൻ തടിച്ചുകൂടിയവരാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫും കൊല്ലപ്പെട്ടിരുന്നു. ക്യാംപസിൽ വിദ്യാർത്ഥിയല്ലാത്ത ആൽവിൻ സംഗീത പരിപാടി കാണാനെത്തിയതായിരുന്നു. 

ദുരന്തത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വിസിക്കും രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്. അപകടത്തിൽ പരിക്കേറ്റ രണ്ടു പേർ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 18 പേരെയായിരുന്നു ഇവിടെ പ്രവേശിപ്പിച്ചത്. 16 പേരെ ഡിസ്ചാർജ് ചെയ്തു. 

ഗാനസന്ധ്യ തുടങ്ങുന്നതിനു മുൻപുണ്ടായ മഴയാണ് ദുരന്തത്തിന് കാരണമായത്. മഴ നനയാതിരിക്കാൻ വിദ്യാർത്ഥികളും മറ്റുള്ളവരും ഓഡിറ്റോറിയത്തിലേക്ക് ഓടിയപ്പോൾ തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. നാലു പേരും ആശുപത്രിയിൽ എത്തുന്നതിനു മുൻപു തന്നെ മരിച്ചിരുന്നു.