ലൈംഗിക അതിക്രമം അറിയിച്ചിട്ടും എംജി വിസി നടപടിയെടുത്തിട്ടില്ലെന്ന് സമരം ചെയ്യുന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി

 | 
Sabu

എംജി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ സാബു തോമസിസനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിനി. മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥി നടത്തിയ ലൈംഗിക അതിക്രമത്തെ കുറിച്ച് വിസിയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ആരോപണ വിധേയനായ വിദ്യാര്‍ത്ഥിയെ സംരക്ഷിക്കുന്ന നിലപാടാണ് വിസി സ്വീകരിച്ചതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

ശ്രീനിവാസ റാവു എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് താന്‍ സാബു തോമസിനെ സമീപിച്ചത്. ശ്രീനിവാസ റാവു കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. യൂണിവേഴ്‌സിറ്റി ജീവനക്കാരനായ ചാള്‍സ് സെബാസ്റ്റ്യനില്‍ നിന്നും മോശം പെരുമാറ്റമുണ്ടായി. അന്ന് കെമിക്കല്‍ സയന്‍സ് വിഭാഗം തലവനായിരുന്ന സാബു തോമസിനോട് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് ഉണ്ടായത്. പീഡനശ്രമം സംബന്ധിച്ച് പോലീസില്‍ പരാതിപ്പെടുമെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

അധ്യാപകനായ നന്ദകുമാര്‍ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതി വിദ്യാര്‍ത്ഥിനി നേരത്തേ ഉന്നയിച്ചിരുന്നു. 10 വര്‍ഷത്തോളമായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥിനി നിരാഹാര സമരത്തിലാണ്. എന്നാല്‍ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ നന്ദകുമാറിനെ പുറത്താക്കില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്.

ഗവേഷണത്തില്‍ നന്ദകുമാര്‍ ഇടപെടില്ല. നന്ദകുമാറിന് എതിരായ ആരോപണങ്ങള്‍ കോടതി തള്ളിക്കളഞ്ഞതാണെന്നും വിസി പറയുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ഹൈക്കോടതിയും പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷനും നേരത്തേ ഇടപെട്ടിരുന്നു.