ഇരുട്ടടി; എല്‍പിജി വാണിജ്യ സിലിന്‍ഡറിന് ഒറ്റയടിക്ക് 266 രൂപ കൂട്ടി

 | 
LPG

ഇന്ധന വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നതിന് പുറമേ എല്‍പിജി വിലയിലും വര്‍ദ്ധനവ്. വാണിജ്യ സിലിന്‍ഡറിന് 266 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിന്‍ഡറിന്റെ വില 2000 രൂപ കടന്നു. ഗാര്‍ഹിക സിലിന്‍ഡറിന് വില കൂട്ടിയിട്ടില്ല. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിന്‍ഡറിന് 15 രൂപ കൂട്ടിയിരുന്നു.

കഴിഞ്ഞ രണ്ടു മാസത്തില്‍ നാല് തവണയാണ് ഗാര്‍ഹിക സിലിന്‍ഡറിന്റെ വില കൂട്ടിയത്. വില വര്‍ദ്ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ 2000.50, മുംബൈയില്‍ 1950, കൊല്‍ക്കത്തയില്‍ 2073.50, ചെന്നൈയില്‍ 2133 എന്നിങ്ങനെയാണ് വാണിജ്യ സിലിന്‍ഡറിന്റെ പുതിയ വില. ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പെട്രോളിനും ഡീസലിനും ഇന്ന് 48 പൈസ കൂട്ടി. ഇതോടെ സംസ്ഥാനത്ത് 112 രൂപ പിന്നിട്ടു.

തിരുവനന്തപുരത്താണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 112.25 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസലിന് 105.94 രൂപയാണ് തിരുവനന്തപുരത്ത് ഇന്ന് രേഖപ്പെടുത്തിയത്. പെട്രോളിന് കോഴിക്കോട് 110.40 രൂപയും ഡീസലിന് 104.30 രൂപയുമാണ് നിരക്ക്. കൊച്ചിയില്‍ 109.88 രൂപയാണ് പെട്രോളിന്. ഡീസലിന് 103.79 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിന് 8.40 രൂപയും ഡീസലിന് 9.43 രൂപയുമാണ് കൂടിയത്.