റഫാല്‍ ഇടപാടില്‍ ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കൈക്കൂലി നല്‍കി; ഇന്ത്യന്‍ ഏജന്‍സികള്‍ അന്വേഷിച്ചില്ലെന്ന് ഫ്രഞ്ച് മാധ്യമം

 | 
Rafale

റഫാല്‍ ഇടപാടില്‍ ഇടനിലക്കാരന്‍ 65 കോടി രൂപ കൈക്കൂലിയായി ദസ്സോ ഏവിയേഷന്‍ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ട്. ഇതിന്റെ തെളിവുകളും മീഡിയപാര്‍ട്ട് പുറത്തുവിട്ടു. മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍സ്റ്റെല്ലാര്‍ ടെക്നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവില്‍ സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് കമ്പനി പണം നല്‍കുകയായിരുന്നു.

ബില്ലുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2018 ഒക്ടോബര്‍ 11ന് മൗറീഷ്യസിലെ അറ്റോണി ജനറലിന്റെ ഓഫീസ് വഴി ഇടനിലക്കാരന് കോഴ നല്‍കിയതിന്റെ എല്ലാ രേഖകളും ലഭിച്ചിരുന്നു. ഇത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും ലഭിച്ചിരുന്നുവെന്നാണ് മാധ്യമം പറയുന്നത്. തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടും ഈ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം.

പണം കൈമാറിയ വിവരം ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. അര്‍ദ്ധരാത്രിയില്‍ ഇറക്കിയ ഉത്തരവിലൂടെ ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. റഫാലില്‍ അന്വേഷണം ഉണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് അലോക് വര്‍മയെ മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.