മരുമകളുടെ ആത്മഹത്യ; രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്തയെ അറസ്റ്റ് ചെയ്തു

 | 
Santha Rajan P Dev

മരുമകള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്തയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ശാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതിയില്‍ നിന്ന് നേടിയ മുന്‍കൂര്‍ ജാമ്യവുമായാണ് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.

ഇവരുടെ മകന്‍ ഉണ്ണി രാജന്‍ പി. ദേവിന്റെ ഭാര്യയായിരുന്ന പ്രിയങ്ക കഴിഞ്ഞ മെയ് 12നാണ് ആത്മഹത്യ ചെയ്തത്. വട്ടപ്പാറ പോലീസ് സ്‌റ്റേഷനില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയതിന് പിന്നാലെ വെമ്പായത്തെ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യ. ശാന്തയും ഉണ്ണിയും പ്രിയങ്കയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

പ്രിയങ്കയുടെ സഹോദരന്‍ വിഷ്ണു നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് വട്ടപ്പാറ പോലീസ് നേരത്തേ കേസെടുത്തിരുന്നു. കേസില്‍ ഉണ്ണിയെ മെയ് മാസത്തില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.