ഡിസിസി പട്ടിക; പൊട്ടിത്തെറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും

 | 
chennithala and oommen chandy

ഡി.സി.സി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്ത രീതിയെ പരസ്യമായി വിമര്‍ശിച്ച്  കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമായിരുന്നെന്ന് ഇരുനേതാക്കളും പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ച സംസ്ഥാനത്ത് നടന്നില്ല. പണ്ടൊക്കെ ചര്‍ച്ച നടത്തുമായിരുന്നു. നേതാക്കളുമായി കൂടിയാലോചന നടന്നില്ല. ചര്‍ച്ച നടന്നിരുന്നുവെങ്കില്‍ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഡിസിസി അധ്യക്ഷ പട്ടികയ്ക്ക് എതിരെ പരസ്യവിമര്‍ശനം നടത്തിയതിന് നേതാക്കളെ സസ്പെന്‍റ് ചെയ്തതിലും ഉമ്മന്‍ ചാണ്ടി അതൃപ്‍തി പ്രകടിപ്പിച്ചു. നടപടിക്ക് മുമ്പ് വിശദീകരണം തേടണമായിരുന്നു എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഡി.സി.സി അധ്യക്ഷസ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നുവെന്നും, അധ്യക്ഷന്മാരെ തീരുമാനിക്കുന്നതില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നു എന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. സംസ്ഥാന തലത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

പരസ്യ പ്രതികരണത്തിലൂടെ വി ഡി സതീശനും കെ സുധാകരനും കെ സി വേണുഗോപാലിനും എതിരെ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും.