ഒരു മിനിറ്റില്‍ മരണം; ആത്മഹത്യാ മെഷീന് അംഗീകാരം നല്‍കി സ്വിറ്റ്‌സര്‍ലാന്‍ഡ്

 | 
suicide machine

ശവപ്പെട്ടിയുടെ ആകൃതിയിലുള്ള ആത്മഹത്യാ മെഷീന് അംഗീകാരം നല്‍കി സ്വിറ്റ്‌സര്‍ലാന്‍ഡ്. ഒരു മിനിറ്റിനുള്ളില്‍ വേദനാ രഹിതമായ മരണം നല്‍കുന്ന ഉപകരണമാണ് ഇതെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മരണ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന ഡോ.ഫിലിപ്പ് നിച്‌കെയാണ് സാര്‍കോ എന്ന് അറിയപ്പെടുന്ന ഈ ആത്മഹത്യാ ക്യാപ്‌സ്യൂളിന് പിന്നിലെ ബുദ്ധികേന്ദ്രം.

യന്ത്രത്തിനുള്ളില്‍ കിടക്കുന്നയാള്‍ക്ക് തന്നെ അത് പ്രവര്‍ത്തിപ്പിക്കാവുന്ന വിധത്തിലാണ് നിര്‍മാണം. ചലനശേഷിയില്ലാത്ത കിടപ്പു രോഗികള്‍ക്ക് കണ്ണുകളുടെ ചലനത്തിലൂടെയോ കണ്ണു ചിമ്മുന്നതിലൂടെയോ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും. മരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ അടുത്തേക്ക് യന്ത്രം എത്തിക്കും. മരണശേഷം ക്യാപ്‌സ്യൂള്‍ വേര്‍പെടുത്തി ശവപ്പെട്ടിയായി ഉപയോഗിക്കാനാകും. മണ്ണില്‍ അഴുകിച്ചേരുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ക്യാപ്‌സ്യൂള്‍ നിര്‍മിച്ചിരിക്കുന്നത്.

വളരെ ചെലവേറിയ ഒരു പദ്ധതിയായിരുന്നു ഇതെന്നും അടുത്ത വര്‍ഷത്തോടെ എല്ലാവര്‍ക്കും പ്രാപ്യമായ വിധത്തില്‍ ഇത് തയ്യാറാകുമെന്നും ഡോ.നിച്‌കെ പറഞ്ഞു. എന്നാല്‍ ദയാവധത്തെ എതിര്‍ക്കുന്നവര്‍ ഈ യന്ത്രത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദയാവധത്തിന് നിയമ സാധുതയുള്ള രാജ്യമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ്. കഴിഞ്ഞ വര്‍ഷം 1300 പേര്‍ ദയാവധം സ്വീകരിച്ചിട്ടുണ്ടെന്നാണ് കണക്ക്.