മഴക്കെടുതിയില്‍ മരണസംഖ്യ 12; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

 | 
K Rajan

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റവന്യൂ മന്ത്രി കെ.രാജന്‍ ആണ് ഇക്കാര്യം അറിയിച്ചത്. നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. തുക കാലതാമസം കൂടാതെ വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. മഴക്കെടുതിയില്‍ 12 പേരാണ് മരിച്ചതെന്നും കാഞ്ഞിരപ്പള്ളി മേഖലയില്‍ മാത്രം 15 പേരെ കാണാതായെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച സംസ്ഥാനത്തെ 11 പ്രദേശങ്ങളില്‍ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്. രാവിലെ 8.30 വരെയുള്ള കണക്ക് അനുസരിച്ച് മുണ്ടക്കയത്ത് 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് 347 മില്ലിമീറ്റര്‍ മഴയാണ്. പീരുമേട്ടില്‍ 305 മില്ലിമീറ്റര്‍ മഴയുണ്ടായി. എന്നാല്‍ ലഘുമേഘ വിസ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന വാദം കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ന്യനമര്‍ദ്ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുകയാണ്. ഇന്ന് വൈകുന്നേരം വരെ മഴ തുടര്‍ന്നേക്കും. സംസ്ഥാനത്തിന് മുകളില്‍ ചെറുമേഘ പടലങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.