നന്മയുടെ വെളിച്ചം പരത്തി ഇന്ന് ദീപാവലി

 | 
jg

നന്മയുടെ പ്രകാശം പരത്തി ഇന്ന് ദീപാവലി. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ദീപാവലി ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെ ദീപാവലിയായി ആഘോഷിക്കുന്നു. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദീപാവലി ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങൾ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയിൽ അഞ്ച് നാൾ നീണ്ടു നിൽക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാൽ ദക്ഷിണേന്ത്യയിൽ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു. ദീപം (വിളക്ക്), ആവലി(നിര) എന്നീ പദങ്ങൾ ചേർന്നാണ് ദീപാവലി എന്ന പദം ഉണ്ടായത്. അതുകൊണ്ടുതന്നെ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആഘോഷിക്കുന്നത്.  


ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം. അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം. എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് ഈ ദിവസം നൽകുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നേപ്പാളും ശ്രീലങ്കയും രാമായണത്തിന്റെ ഭാഗമായിത്തന്നെ ദീപാവലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്. കഥകൾക്കുമപ്പുറം ഒരു ജനതയെ ഒറ്റ കുടക്കീഴിലെത്തിക്കുന്ന നൻമയുടെ വെളിച്ചം പരത്തുന്ന ഉത്സവം തന്നെയാണ് ദീപാവലി.