ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

 | 
Bindu Ammini

ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ പിടിയില്‍. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം 5.30ന് കോഴിക്കോട് ബീച്ചില്‍ വെച്ചുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി ഫെയിസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു. ആക്രമണത്തെ ബിന്ദു അമ്മിണി പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം.

ഇതിനെതിരെ മോഹന്‍ദാസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിന്ദു അമ്മിണി മര്‍ദ്ദിച്ചെന്ന് കാട്ടിയാണ് പരാതി. ഒരു മാസം മുന്‍പ് കൊയിലാണ്ടിയില്‍ വെച്ച് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുതിയ ആക്രമണം.

ആക്രമണം നടത്തിയ മോഹന്‍ദാസ് മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് സൂചനയുണ്ട്. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും തനിക്ക് പോലീസ് സംരക്ഷണം നല്‍കുന്നില്ലെന്ന് ബിന്ദു അമ്മിണി വ്യക്തമാക്കിയിരുന്നു.