ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന നടന്നുവെന്ന് സമ്മതിച്ച് ഒരു പ്രതി; മാപ്പുസാക്ഷിയാക്കിയേക്കും

 | 
Dileep

ബാലചന്ദ്രകുമാര്‍ ആരോപിച്ച ഗൂഢാലോചന ദിലീപിന്റെ വീട്ടില്‍ നടന്നുവെന്ന് കേസിലെ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്ന 5 പ്രതികളില്‍ ഒരാളാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടക്കുമ്പോള്‍ ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്നതായി സമ്മതിച്ചത്. ഇയാള്‍ ചോദ്യം ചെയ്യലിനിടെ രണ്ടു തവണ പൊട്ടിക്കരഞ്ഞുവെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നുമാണ് വിവരം. 

ഗൂഢാലോചനയില്‍ തനിക്ക് പങ്കാളിത്തമില്ലെന്നാണ് ഇയാള്‍ ആവര്‍ത്തിച്ചത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കാര്യമായി പ്രതികരിച്ചില്ലെന്നാണ് വിവരം. ഇയാളെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നതായും വിവരമുണ്ട്. മാപ്പുസാക്ഷിയാക്കേണ്ടി വന്നാല്‍ മാത്രം മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ രഹസ്യമൊഴിയെടുപ്പിക്കും. ഇതിനായി അന്വേഷണസംഘത്തിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. 

പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസമായ ഇന്നും തുടരുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 11 മണിക്കൂര്‍ വീതം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ വ്യാഴാഴ്ച സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.