ഡൽഹി യുദ്ധക്കളം; കോക്ക്രോച്ച് പാർട്ടി സമരത്തിന് പിന്തുണയുമായി കോൺഗ്രസ്
സി.ജെ.പി പ്രതിഷേധത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത പ്രതിഷേധവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവതയോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സഭയിൽ തുറന്ന ചർച്ചക്ക് കേന്ദ്ര സർക്കാർ തയാറാകാത്തതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഉപരോധ സമരം നടത്തി.
മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും മുതിർന്ന നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിലേക്ക് മാർച്ച് നടത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, കോൺഗ്രസ് വക്താവ് പവൻ ഖേര തുടങ്ങിയ പ്രമുഖർ ധർണയിൽ പങ്കെടുത്തു.
