സഞ്ജു തിളങ്ങിയിട്ടും രാജസ്ഥാന് തോൽവി; ഹൈദരാബാദ് വിജയം 7 വിക്കറ്റിന്

ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ ആയി സഞ്ജു സംസൺ
 | 
Sanju Samsaon

ശോഭിക്കാത്ത മധ്യനിര വീണ്ടും രാജസ്ഥാൻ റോയൽസിന് ബാധ്യതയായി. ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്വം മുഴുവൻ തുടർച്ചയായ രണ്ടാം മത്സരത്തിലും നായകൻ സഞ്ജു സാംസണിന്റെ ചുമലിൽ ആയി. സഞ്ജു തിളങ്ങിയിട്ടും ഭേദപ്പെട്ട സ്കോർ നേടിയിട്ടും രാജസ്ഥാൻ തോറ്റു. സൺറൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ ജയം. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയൽസിന് രണ്ടാം ഓവറിൽ ഓപ്പണർ ലൂയിസിന്റെ(6) വിക്കറ്റ് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന സഞ്ജുവിനോടൊപ്പം ഓപ്പണർ ജയ്സ്വാൾ സ്കോർ ചലിപ്പിച്ചു. സഞ്ജു പതിവിനു വിപരീതമായി പതിയെ ആണ് തുടങ്ങിയത്. ജയ്സ്വാൾ(36) പുറത്തായ ശേഷം വന്ന ലയാം ലിവിങ്സ്റ്റൺ(4) കൂറ്റനടിക്ക് മുതിർന്ന് പുറത്തായി. പിന്നീട് ലോംറോറിനെ കൂടെ നിർത്തി സഞ്ജു സ്കോർ ചലിപ്പിച്ചു. 

നേരിട്ട ആദ്യ 30 പന്തിൽ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 106.7 ആയിരുന്നു. എന്നാൽ അടുത്ത 27 പന്തിൽ അത് 185.19 ആയി. 41 പന്തിൽ ഫിഫ്റ്റി അടിച്ച സഞ്ജു 57 പന്തിൽ 82 റൺസ് നേടി ടൂർണ്ണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമത് എത്തി. എന്നാൽ അവസാന 3 ഓവറിൽ റോയൽസിന് വലിയ രീതിയിൽ സ്കോർ  ചെയ്യാൻ കഴിഞ്ഞില്ല. വിചാരിച്ചതിലും 10-20 റൺസ് കുറവാണ് അവർ സ്കോർ ചെയ്തത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആണ് രാജസ്ഥാൻ 164 റൺസ് നേടിയത്. ഹൈദരാബാദ് ബൗളർമാരിൽ തല്ലുകൊണ്ടെങ്കിലും സിദ്ധാർത്ഥ് കൗൾ അവസാന ഓവറിൽ 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദ് ടീമിന് പുതിയ ഓപ്പണർ ജേസൻ റോയ്  വെടിക്കെട്ട് തുടക്കം നൽകി. കൂടെ ചേർന്ന സാഹാ(18) നന്നായി തുടങ്ങി എങ്കിലും ലോംറോറിന്റെ പന്തിൽ സഞ്ജു സ്റ്റമ്പ് ചെയ്തു പുറത്താക്കി. പിന്നീട് ഒത്തുചേർന്ന നായകൻ കെയിൻ വില്യംസൺ , റോയിയുമൊത്തു ടീമിനെ വിജയത്തിലേക്ക് നയിച്ചു. 42 പന്തിൽ 60 റൺസ് നേടി റോയ് പുറത്തായി എങ്കിലും ഒരറ്റത്ത് നിന്ന വില്യംസൺ അർദ്ധ ശതകം പൂർത്തിയാക്കി ടീമിനെ വിജയത്തിൽ എത്തിച്ചു. റോയ് ആണ് മാൻ ഓഫ് ദി മാച്ച്.