മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ ഡിജിപി അനില്‍ കാന്തിന്റെയും മൊഴിയെടുത്തു
കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെയും മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആണ് മൊഴിയെടുത്തത്. അനില്‍ കാന്ത് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റശേഷം മോന്‍സണ്‍ പോലീസ് ആസ്ഥാനത്തെത്തി അദ്ദേഹത്തെ കണ്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം.
പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ എന്ന നിലയ്ക്കാണ് സന്ദര്‍ശനത്തിന് ഇവര്‍ക്ക് അനുമതി നല്‍കിയതെന്നാണ് അനില്‍ കാന്ത് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ആറു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. സംഘം മടങ്ങുന്നതിന് മുന്‍പ് ഡിജിപിക്ക് ഒരു ഉപഹാരം നല്‍കി. മോന്‍സണ്‍ ആണ് അത് കൈമാറിയത്.
പുരസ്‌കാരം കൈമാറുന്ന ചിത്രത്തില്‍ സംഘത്തിലെ ആറുപേരും ഉണ്ടായിരുന്നു. പിന്നീട് ഈ ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ക്രോപ്പ് ചെയ്ത് മോന്‍സണും ഡി.ജി.പിയും മാത്രമുള്ള ചിത്രമാക്കി മാറ്റി എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഉന്നത പോലീസ് ബന്ധമുള്ള മോന്‍സണ്‍, പോലീസ് ക്ലബ്ല് അടക്കം താമസത്തിന് ഉപയോഗിച്ചിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ട്രാഫിക് ഐജി ജി.ലക്ഷ്മണിന്റെയും മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മ്യൂസിയത്തില്‍ ബെഹ്‌റ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് മോന്‍സന്റെ ചേര്‍ത്തലയിലെ വീട്ടിലും കലൂരിലെ മ്യൂസിയം പ്രവര്‍ത്തിക്കുന്ന വാടക വീട്ടിലും പോലീസ് ബീറ്റ് ഏര്‍പ്പെടുത്തിയത്.