ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഏഷ്യന്‍ സിനിമ മത്സര വിഭാഗത്തില്‍ ജയസൂര്യ മികച്ച നടന്‍

 | 
Jayasurya

ധാക്ക അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ജയസൂര്യയെ മികച്ച നടനായി തെരഞ്ഞെടുത്തു. ഏഷ്യന്‍ സിനിമകളുടെ മത്സര വിഭാഗത്തിലാണ് നേട്ടം. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കോവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യക്കും സംവിധായകന്‍ രഞ്ജിത് ശങ്കറിനും ചലച്ചിത്രോത്സവ വേദിയില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല. 

മികച്ച ഫീച്ചര്‍ സിനിമയായി തമിഴ് ചിത്രമായ കുഴങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ നോമിനേഷന്‍ സാധ്യതാപ്പട്ടികയിലുള്ള ഈ ചിത്രം റോട്ടര്‍ഡാം ചലച്ചിത്രമേളയിലും പുരസ്‌കാരം നേടിയിരുന്നു. ഡോ.ബിജു സംവിധാനം ചെയ്ത ദി പോര്‍ട്രെയ്റ്റ്‌സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാള്‍, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട്, സിദ്ധാര്‍ത്ഥ് ശിവയുടെ എന്നിവര്‍ തുടങ്ങിയ ചിത്രങ്ങളാണ് സണ്ണിയെ കൂടാതെ ഫിക്ഷന്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് മണ്ണ് എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220ഓളം ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.