ധീരജിനെ കൊലപ്പെടുത്തിയത് ഒറ്റക്കുത്തില്‍; ഹൃദയത്തിലേറ്റ കുത്ത് മരണകാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഇടുക്കി ഗവ.എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയത് ഒറ്റക്കുത്തിലെന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ശരീരത്തല്‍ കുത്തേറ്റ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഹൃദയത്തില്‍ ആഴത്തിലേറ്റ ഈ കുത്താണ് മരണ കാരണമായത്. ധീരജിനൊപ്പം പരിക്കേറ്റ രണ്ടു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്കും നെഞ്ചിലാണ് കുത്തേറ്റത്. മൂന്നാമത്തെയാളുടെ ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവേറ്റിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
കേസില്‍ പിടിയിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചിരുന്നു. ധീരജിനെ കുത്തിയ ശേഷം ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. കളക്ട്രേറ്റ് ഭാഗത്തേക്ക് ഓടിയ ഇയാള്‍ പിന്നീട് മറ്റൊരിടത്ത് പോയി വേഷം മാറുകയും നേര്യമംഗലം ഭാഗത്തേക്കുള്ള ബസില്‍ കയറി പോകുകയുമായിരുന്നു.
നിഖില്‍ പൈലി ഉള്‍പ്പെടെ രണ്ടു പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. നിഖില്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജില്‍ എത്തിയത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ക്യാമ്പസ് കവാടത്തിലായിരുന്നു സംഭവം.