നടിയെ ആക്രമിച്ച കേസിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

 | 
Dileep

നടിയെ ആക്രമിച്ച കേസിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് എതിരെ ദിലീപ് ഹൈക്കോടതിയില്‍. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ നല്‍കുന്നത് വിലക്കണമെന്നാണ് ഹൈക്കോടതിയില്‍ ദിലീപ് ആവശ്യപ്പടുന്നത്. രഹസ്യ വിചാരണയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ മാധ്യമങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. 

കേസിന്റെ വിചാരണ അടച്ചിട്ട കോടതിയില്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇരയായ നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാല്‍ പ്രോസിക്യൂഷന്‍ ഈ ആവശ്യം അംഗീകരിച്ചിരുന്നു. കേസിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റു കോടതികളിലെ വിവരങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് ദിലീപിന്റെ പുതിയ ആവശ്യം. 

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെതിരെ പേലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി വാദം കേള്‍ക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ മൂന്ന് സാക്ഷികളെ പുനര്‍വിസ്താരം നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം പുതിയ 5 സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി നല്‍കി.