ദിലീപ് പ്രതിയായ ഗൂഢാലോചനാക്കേസ്; സംവിധായകന്‍ റാഫിയെ വിളിച്ചു വരുത്തി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ സംവിധായകന്‍ റാഫിയെ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യല്‍ നടക്കുന്ന കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് റാഫിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. ബാലചന്ദ്രകുമാറും ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ചോദിച്ചറിയുന്നതിനാണ് റാഫിയെ വിളിച്ചതെന്നാണ് സൂചന.
ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യാന്‍ തയ്യാറെടുപ്പുകള്‍ നടത്തിയ ചിത്രത്തിന്റെ കഥയും തിരക്കഥയും റാഫിയുടേതായിരുന്നു. പിക്ക് പോക്കറ്റ് എന്ന ഈ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ദിലീപിന്റെ ശബ്ദരേഖ തിരിച്ചറിയാനാണ് റാഫിയെ വിളിച്ചു വരുത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ദിലീപിന്റെ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ മാനേജരെയും വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു. ദിലീപിന്റെയും സംഘത്തിന്റെയും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വരെ മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിരിക്കുന്നത്.