ദിലീപ് കുറ്റാരോപിതനാണെന്ന് അറിഞ്ഞത് മുതല്‍ അയാളുമായി സഹകരിച്ചിട്ടില്ല; പോസ്റ്റില്‍ വിശദീകരണവുമായി ജോയ് മാത്യു

 | 
Joy Mathew

ദിലീപ് കുറ്റാരോപിതനാണെന്ന് അറിഞ്ഞത് മുതല്‍ താന്‍ അയാളുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ് മാത്യു. ചൊവ്വാഴ്ചയിലെ ഫെയിസ്ബുക്ക് പോസ്റ്റില്‍ ചിലര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണമായാണ് ജോയ് മാത്യുവിന്റെ പുതിയ പോസ്റ്റ്. ദിലീപുമായി അടുപ്പമുള്ളവരുടെ സിനിമകളില്‍ നിന്ന് തന്നെ മാറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നും തന്നെ ബാധിച്ചിട്ടില്ല.

കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധക വങ്കന്‍മാരല്ലാത്ത, വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം തന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ലെന്നും ജോയ് മാത്യു തുറന്നടിക്കുന്നു. ആക്രമണത്തിന് ഇരയായ നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്തുണ നല്‍കിയ താര പ്രമുഖരോടുള്ള ചോദ്യമായിരുന്നു ജോയ് മാത്യുവിന്റെ ഇന്നലത്തെ പോസ്റ്റ്.

ഇരയ്‌ക്കൊപ്പം എന്ന് പറയാനെളുപ്പമാണ്. എന്നാല്‍ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാന്‍ ആരുമില്ല എന്ന് പറയുന്ന പോസ്റ്റില്‍ ചിലരുടെ കമന്റുകളാണ് പുതിയ പോസ്റ്റിന് കാരണം. കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയുന്നതില്‍ നിങ്ങള്‍ ഒരു തുടക്കമാകട്ടെയെന്നും പറയാനെളുപ്പമാണ് ചെയ്തു കാണിക്കൂ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.

ഇതിന് മറുപടിയായി 2017 ജൂലൈ 12ന് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചിരിക്കുന്നത്. ദിലീപിനോടൊപ്പം പ്രവര്‍ത്തിച്ചതില്‍ ലജ്ജ തോന്നുന്നുവെന്ന ജോയ് മാത്യുവിന്റെ പ്രസ്താവനയാണ് വാര്‍ത്ത.

പോസ്റ്റ് വായിക്കാം

ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴില്‍ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കില്‍ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേര്‍ 'താങ്കള്‍ ആദ്യം തുടങ്ങൂ 'എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ഞാന്‍ അയാളുമായി സഹകരിച്ചിട്ടില്ല .(Times of India .12/7/2017)കൂടാതെ
അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല  .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള  പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ല .

Joy