ദിലീപ് മുഖ്യ സൂത്രധാരന്‍, കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണം; ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ ആദ്യമെന്ന് പ്രോസിക്യൂഷന്‍
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. ദിലീപും മറ്റുള്ളവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, വിഐപി എന്ന് വിശേഷിപ്പിക്കപ്പെട്ട ശരത്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു തുടങ്ങിയവരാണ് ജാമ്യാപേക്ഷ നല്‍കിയത്. അസാധാരണ കേസാണ് ഇതെന്നും ദിലീപാണ് മുഖ്യ സൂത്രധാരനെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
ലൈംഗികപീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. സമൂഹത്തില്‍ വലിയ സ്വാധീനമുള്ളയാളാണ് ദിലീപ്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കും. കേസില്‍ ഇതുവരെ 20 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ഇതെല്ലാം ദിലീപിന്റെ സ്വാധീനത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ നിരവധി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഗൂഢാലോചനക്കേസ് ഗുരുതര സ്വഭാവമുള്ളതാണ്. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദസാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫൊറന്‍സിക് പരിശോധന നടത്തണം. കേസില്‍ പ്രതിയായത് മുതല്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി മാറാനുള്ള എല്ലാ നീക്കങ്ങളും ദിലീപ് നടത്തുകയാണ്. അന്വേഷണത്തെ തടസപ്പെടുത്താനാണ് ശ്രമമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.