ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി; കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്
ദിലീപും സംഘവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹര്‍ജി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, വിഐപി എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ട ഹോട്ടല്‍ ഉടമ ശരത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
ഇതിനിടെ ദിലീപിനെതിരെ ഗുരുതരമായ മറ്റൊരു വകുപ്പു കൂടി ക്രൈംബ്രാഞ്ച് ചുമത്തി. കൊലപാതകം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയത്. നേരത്തേ 120(ബി) വകുപ്പ് ചുമത്തിയിരുന്നു. ഇതിന് പുറമേയാണ് ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കിക്കൊണ്ട് പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
ഇതു സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഗൂഢാലോചന നടത്തി എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്തിനു വേണ്ടി ഗൂഢാലോചന നടത്തി എന്നാണ് പുതുതായി ചേര്‍ത്തിരിക്കുന്നത്. ദിലീപിനെയും മറ്റു പ്രതികളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കരുതെന്നുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.