ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയിലേക്ക് മാറ്റി; അറസ്റ്റില്ലെന്ന് പോലീസ്

 | 
Dileep

നടന്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയടക്കം പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. മൊഴി പരിശോധിച്ച് ആരോപണം എന്താണെന്ന് മനസിലാക്കിയ ശേഷം കേസ് പരിഗണിക്കുന്നതാണ് നല്ലതെന്നാണ് കോടതി പറഞ്ഞത്.

അതേസമയം കേസ് മാറ്റുകയാണെങ്കില്‍ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിക്കണമെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.രാമന്‍പിള്ള ആവശ്യപ്പെട്ടു. ഇതോടെ ചൊവ്വാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. പുതിയ കേസിന് ഗൗരവ സ്വഭാവമില്ലെന്നും വിചാരണ വൈകിപ്പിക്കാനാണ് ഈ കേസ് എടുത്തിരിക്കുന്നതെന്നുമാണ് ദിലീപിന്റെ വാദം. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായ ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് കേസെന്നും ദിലീപ് ആരോപിക്കുന്നു.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുകയും നോട്ടീല് അയക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പുതിയ കേസിന് കാരണം ഇതാണെന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഹര്‍ജിക്കാരെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കാനാണ് നീക്കമെന്നും അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്നും ഹര്‍ജിയില്‍ പറയുന്നു.