ദിലീപിന്റെ സുഹൃത്ത് വ്യാസന്‍ എടവനക്കാടിനെ വിളിച്ചു വരുത്തി; ചോദ്യംചെയ്യല്‍ തുടരുന്നു

 | 
Dileep

 
ദിലീപിനെയും മറ്റ് 5 പേരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലാണ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ പുരോഗമിക്കുന്നത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനിടെ ദിലീപിന്റെ സുഹൃത്ത് വ്യാസന്‍ എടവനക്കാടിനെ അന്വേഷണസംഘം വിളിച്ചു വരുത്തി. തെളിവെടുപ്പിനായാണ് സംവിധായകനായ വ്യാസന്‍ എടവനക്കാടിനെ വിളിച്ചിരിക്കുന്നത്. 

എഡിജിപി എസ്.ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിട്ടുണ്ട്. രാത്രി 8 മണിയോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം കോടതിയില്‍ സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ടിന്റെ അന്തിമരൂപം തയ്യാറാക്കും. എഡിജിപിയുടെ മേല്‍നോട്ടത്തിലായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. 

തിങ്കളാഴ്ച സംവിധായകന്‍ റാഫിയെ അന്വേഷണസംഘം വിളിച്ചു വരുത്തിയിരുന്നു. ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളില്‍ ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.