ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്; സഹോദരന്റ വീട്ടിലും പരിശോധന

 | 
Dileep

ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്. ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടയ്ക്കാട്ടുകരയിലെ വീട്ടിലും നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് സൂചന. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് സംഘം ഒരേ സമയത്ത് മൂന്നിടത്ത് പരിശോധന നടത്തുന്നതെന്നാണ് സൂചന. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അനൂപിന്റെ വീട്ടിലും നിര്‍മാണ കമ്പനിയുടെ ഓഫീസിലും റെയ്ഡ് നടക്കുന്നതെന്നും വിവരമുണ്ട്.

പരിശോധനയ്ക്കായി പോലീസ് സംഘമെത്തുമ്പോള്‍ ദിലീപിന്റെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രണ്ടു ദിവസമായി ദിലീപും ഭാര്യ കാവ്യയും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയില്ലെന്നാണ് വിവരം. ഗേറ്റ് ചാടിക്കടന്നാണ് പോലീസ് വീട്ടില്‍ കയറിയത്.