വിദ്യാർത്ഥി പ്രക്ഷോഭം- ചർച്ച കഴിഞ്ഞു; കേന്ദ്രം വഴങ്ങുന്നു
ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സർക്കാർ അറിയിച്ചതായി വിദ്യാർഥികൾ വ്യക്തമാക്കി.
പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് വിദ്യാർഥികൾ മുന്നോട്ടുവെച്ചത്. ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. ഇന്ന് നടന്ന രണ്ടാംവട്ട ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജെപി പ്രതിനിധികൾ.
വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, പ്രതിഷേധക്കാർക്കെതിരായ എഫ്ഐആർ പിൻവലിക്കുക എന്നീ ആവശ്യങ്ങളായിരുന്നു പ്രതിനിധികൾ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര് പ്രധാന്റെ രാജിയിൽ അനുകൂല പ്രതികരണം ആയിരുന്നില്ല സർക്കാർ സ്വീകരിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. മറ്റു രണ്ട് കാര്യങ്ങളിലും അനുകൂല സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും സിജെപി വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങും സർക്കാരിനെ പ്രതിനിധീകരിച്ചപ്പോൾ, പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക, വൈഷ്ണവി ഗൗർ എന്നിവർ പങ്കെടുത്തു.
നേരത്തെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന സർക്കാരിന്റെ നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്, നിഷ്പക്ഷമായ ഒരു വേദി വേണമെന്ന് സി.ജെ.പി കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. സമരത്തെ പിന്തുണച്ച് നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ടു നീങ്ങാനാണ് സി.ജെ.പിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവർ ആശുപത്രിയിലെത്തി ചർച്ച നടത്തിയ ശേഷം അവരുടെ സാന്നിധ്യത്തിലാണ് വാങ്ചുക് 26 ദിവസത്തെ സമരം അവസാനിപ്പിച്ചത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. 'ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല' എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ വിവാദങ്ങളിലെ പിഴവുകൾ തടയണമെന്ന് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
